This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോപ്പ അമേരിക്ക ഫുട്‌ബോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോപ്പ അമേരിക്ക ഫുട്‌ബോള്‍

Copa America Football

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ട്രോഫി

തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നടക്കുന്ന അന്താരാഷ്‌ട്രപ്രസിദ്ധിയാര്‍ജിച്ച ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌. ലോകത്തിലെ ഏറ്റവും പഴയ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ ഇത്‌ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ (ഫിഫ) കീഴിലുള്ള തെക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (Con Mebol) ആണ്‌ സംഘടിപ്പിക്കുന്നത്‌. അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, ഇക്വഡോര്‍, പരാഗ്വേ, പെറു, ഉറുഗ്വേ, വെനിസ്വേല തുടങ്ങിയ 10 തെക്കേ അമേരിക്കന്‍ രാജ്യങ്ങളും പ്രത്യേകം ക്ഷണിക്കപ്പെടുന്ന രണ്ട്‌ രാജ്യങ്ങളുമടക്കം 12 ടീമുകളാണ്‌ നിലവില്‍ കോപ്പ അമേരിക്കയില്‍ മത്സരിക്കുന്നത്‌. മനോഹരമായ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ശൈലിയുടെ ദൃശ്യവിരുന്ന്‌ സമ്മാനിക്കുന്ന ടൂര്‍ണമെന്റാണത്‌.

1916-ല്‍ അര്‍ജന്റീനയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്നാണ്‌ കോപ്പ അമേരിക്ക പിറവിയെടുക്കുന്നത്‌. അര്‍ജന്റീന, ചിലി, ഉറുഗ്വേ, ബ്രസീല്‍ എന്നീ നാലു രാജ്യങ്ങള്‍ പങ്കെടുത്തവരില്‍ ഉറുഗ്വേയായിരുന്നു ചാമ്പ്യന്മാര്‍. സൗത്ത്‌ അമേരിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ എന്ന്‌ നാമകരണം ചെയ്യപ്പെട്ട ഇത്‌ 1917-ല്‍ ഉറുഗ്വേയിലും നടത്തപ്പെട്ടു. ഈ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പും ജനപ്രീതിയുമാണ്‌ തെക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ സ്ഥാപിക്കപ്പെടാന്‍ കാരണമായത്‌. പെറു, കസാമീവിക, പരാഗ്വേ തുടങ്ങിയ രാജ്യങ്ങള്‍ കോണ്‍ഫെഡറേഷനില്‍ അംഗമാകുകയും കോപ്പ അമേരിക്കയില്‍ മത്സരിക്കുകയും ചെയ്‌തു.

കോപ്പ അമേരിക്ക ഫുട്‌ബോള്‍ 2011-ല്‍ വിജയികളായ ഉറുഗ്വേന്‍ ടീം

1950-കളില്‍ ടൂര്‍ണമെന്റിന്റെ പ്രൗഡി കുറഞ്ഞു. രാജ്യങ്ങള്‍ നിലവാരം കുറഞ്ഞ ടീമുകളെ അയയ്‌ക്കുന്നതും, ജൂനിയര്‍ ടീമുകളെ പങ്കെടുപ്പിക്കുന്നതും ഇതിന്റെ മികവ്‌ കുറയാന്‍ കാരണമായി. പിന്നീട്‌ എട്ട്‌ വര്‍ഷത്തോളം ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കപ്പെടാത്ത അവസ്ഥപോലുമുണ്ടായി. പിന്നീട്‌ 1975-ല്‍ ടൂര്‍ണമെന്റ്‌ നടത്തിപ്പില്‍ സമൂലമായ പരിഷ്‌കാരങ്ങള്‍ വരുത്തുകയും കോപ്പ അമേരിക്ക ടൂര്‍ണമെന്റ്‌ എന്ന്‌ പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്‌തു. ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചതോടെ ടൂര്‍ണമെന്റ്‌ ലോകപ്രസിദ്ധിയാര്‍ജിച്ചു. രാജ്യങ്ങള്‍ തങ്ങളുടെ ഏറ്റവും മികച്ച ടീമിനെത്തന്നെ ടൂര്‍ണമെന്റിനയച്ചുതുടങ്ങി. 10 തെക്കേ രാജ്യങ്ങള്‍ പങ്കെടുത്ത 1987-ലെ ടൂര്‍ണമെന്റില്‍ നിലവിലെ ലോക ചാമ്പ്യന്മാരായിരുന്ന അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രം. ഉറുഗ്വേ ചാമ്പ്യന്മാരായ ഈ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയ്‌ക്ക്‌ നാലാം സ്ഥാനമായിരുന്നു ലഭിച്ചത്‌.

1993 മുതലാണ്‌ ഇന്നു കാണുന്ന 12 ടീമുകള്‍ പങ്കെടുക്കുന്ന രൂപത്തിലേക്ക്‌ കോപ്പ അമേരിക്ക മാറുന്നത്‌. വടക്കേ അമേരിക്കന്‍ കോണ്‍ഫെഡറേഷനില്‍ (ONCAF) തരംഗമായ രണ്ടു രാജ്യങ്ങള്‍ ഒരു വര്‍ഷം പ്രത്യേകം ക്ഷണിക്കെപ്പട്ടു. 1999-ല്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാനായിരുന്നു ക്ഷണിക്കപ്പെട്ട രാജ്യം. ഗ്രൂപ്പുതലം, നോക്കൗട്ട്‌, സെമിഫൈനല്‍, ലൂസേഴ്‌സ്‌ ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെയാണ്‌ കോപ്പ അമേരിക്ക ടൂര്‍ണമെന്റ്‌ ഇന്ന്‌ നടത്തുന്നത്‌. 12 ടീമുകളെ നാലു വീതമുള്ള മൂന്ന്‌ ഗ്രൂപ്പുകളായി തിരിക്കുന്നു. ഫിഫ റാങ്കിങ്ങിനനുസരിച്ചാണ്‌ ഗ്രൂപ്പ്‌ നിര്‍ണയം. ഗ്രൂപ്പ്‌ തലത്തിലെ മൂന്ന്‌ മത്സരങ്ങളില്‍ നിന്നും ലഭിക്കുന്ന പേറ്റന്റിനനുസരിച്ച്‌ ഓരോ ഗ്രൂപ്പിലെയും ആദ്യരണ്ട്‌ സ്ഥാനക്കാരും മൊത്തം ഗ്രൂപ്പിലെ രണ്ട്‌ മികച്ച മൂന്നാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക്‌ യോഗ്യത നേടുന്നു. ഇങ്ങനെ യോഗ്യത നേടുന്ന എട്ടു ടീമുകളില്‍ നാല്‌ എണ്ണം സെമിഫൈനലിലേക്ക്‌ കടക്കുന്നു. ഫൈനലിന്‌ മുമ്പ്‌ മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള ലൂസേഴ്‌സ്‌ ഫൈനല്‍ മത്സരം നടക്കുന്നു.

തുടക്കത്തില്‍ വര്‍ഷന്തോറും നടത്തിയിരുന്ന ഈ ടൂര്‍ണമെന്റ്‌ പിന്നീട്‌ രണ്ട്‌ വര്‍ഷത്തിലൊരിക്കലും തുടര്‍ന്ന്‌ മൂന്ന്‌ വര്‍ഷത്തിലൊരിക്കലായും നിജപ്പെടുത്തി. ഇപ്പോള്‍ ലോകകപ്പ്‌ മാതൃകയില്‍ നാലുവര്‍ഷത്തിലൊരിക്കലാണ്‌ നടത്തിപ്പ്‌. വിജയികള്‍ക്ക്‌ കോപ്പ അമേരിക്ക ട്രാഫിയും, റണ്ണര്‍ അപ്പിന്‌ കോ ബൊളീവിയ ട്രാഫിയുമാണ്‌ സമ്മാനിക്കുന്നത്‌. വെള്ളികൊണ്ട്‌ നിര്‍മിക്കപ്പെട്ട കോപ്പ അമേരിക്ക ട്രാഫിയില്‍ ചാമ്പ്യന്മാരാകുന്ന രാജ്യത്തിന്റെ പേര്‌ ആലേഖനം ചെയ്യുന്ന പതിവുണ്ട്‌. ഏറ്റവും കൂടുതല്‍ കോപ്പ അമേരിക്ക നേടിയ റെക്കോര്‍ഡ്‌ ഉറുഗ്വേയുടെ പേരിലാണ്‌ (15 പ്രാവശ്യം). അര്‍ജന്റീന (14). ബ്രസീല്‍ (8) എന്നിവരാണ്‌ തൊട്ടടുത്ത സ്ഥാനങ്ങളില്‍. അടുത്ത ടൂര്‍ണമെന്റ്‌ നടക്കുന്നത്‌ ചിലിയില്‍ (2015) വച്ചാണ്‌.

ചിത്രം:Koppa01.png ചിത്രം:Koppa2.png‎

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍